Friday, January 14, 2011

കാന്തപുരത്തിന്റെ ഐക്യാഹ്വാനം ഇരട്ടത്താപ്പ് -എസ്.കെ.എസ്.എസ്.എഫ്


കാന്തപുരത്തിന്റെ ഐക്യാഹ്വാനം ഇരട്ടത്താപ്പ് -എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: സുന്നി ഐക്യം സംബന്ധിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന പ്രസ്താവനകള്‍ ഇരട്ടത്താപ്പാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
മര്‍കസ്‌സമ്മേളനവേദിയില്‍ കാന്തപുരത്തിന്റെ സാന്നിധ്യത്തില്‍ സമസ്തക്കും കീഴ്ഘടകങ്ങള്‍ക്കുമെതിരെ അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങള്‍ നടത്താന്‍ അവസരമുണ്ടാക്കുകയും പിന്നീട് ഐക്യത്തിന്റെ വക്താവായി ചമയുകയും ചെയ്യുന്നത് കാപട്യമാണ്. ഐക്യാഹ്വാനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അത് വാക്കിലും പ്രവൃത്തിയിലും ഒരുപോലെ പ്രകടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അലി കെ. വയനാട്, അബ്ദുല്ല ദാരിമി കെട്ടില, അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, നവാസ് പാനൂര്‍, സൈതലവി റഹ്മാനി,  അബൂബക്കര്‍ സലുദ് നിസാമി, അബ്ബാസ് ദാരിമി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

Tuesday, January 11, 2011

സുന്നി ഐക്യത്തിന് കാന്തപുരം തുരങ്കം വെക്കരുത് -സമസ്ത

Published on Wednesday, January 12, 2011 -

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കാന്തപുരം വിഭാഗവും തമ്മില്‍ നടന്നുവരുന്ന ഐക്യചര്‍ച്ച തുടരാന്‍ കാന്തപുരം വിഭാഗത്തിന് താല്‍പര്യമില്ലെന്ന് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതായി കോഴിക്കോട് ഓഫീസില്‍ ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്ത യോഗം ആരോപിച്ചു.
80കളില്‍തന്നെ സമസ്തയില്‍ ഭിന്നസ്വരം ഉയര്‍ത്തിയ ഘട്ടത്തിലും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും മധ്യസ്ഥര്‍ മുഖേന ഐക്യചര്‍ച്ചകളും മറ്റുമുണ്ടായ അവസരങ്ങളില്‍ സമസ്ത എല്ലാനിലക്കും സഹായകമായ നിലപാടുകള്‍ സ്വീകരിക്കുകയും ഐക്യത്തിന് ആത്മാര്‍ഥ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാലിപ്പോള്‍ സുന്നികള്‍ക്കിടയില്‍ നടന്നുവരുന്ന ഐക്യചര്‍ച്ചക്ക് തുരങ്കംവെക്കുന്നവിധത്തില്‍ കാന്തപുരം വിഭാഗം നടത്തുന്ന നീക്കങ്ങളില്‍ യോഗം പ്രതിഷേധിച്ചു.
കാരന്തൂര്‍ മര്‍ക്കസ് സമ്മേളനത്തില്‍ മുസ്‌ലിംലീഗിന്റെ ചില നേതാക്കള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ സമസ്ത അനുകൂല നിലപാട് സ്വീകരിച്ചത് ഐക്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, ഐക്യനീക്കം നടക്കുമ്പോഴും കാന്തപുരം വിഭാഗം ബോധപൂര്‍വം അത് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
കഴിഞ്ഞ ദിവസം പട്ടിക്കാട്ട് ജാമിഅഃ നൂരിയ്യ കോളജില്‍ സംഘടിപ്പിച്ച ഉലമ സമ്മേളനത്തില്‍ സംബന്ധിക്കാമെന്ന് നേരത്തെ സമ്മതിച്ച ഈജിപ്ത് ഗ്രാന്റ് മുഫ്തിയെ തടഞ്ഞതും കാന്തപുരം വിഭാഗം പാലക്കാട് നടത്തിയ സമ്മേളന പതാക ജാഥ വരക്കല്‍ മഖാമില്‍നിന്ന് ഉദ്ഘാടനം ചെയ്തപ്പോള്‍ ശംസുല്‍ ഉലമയുടെ മഖ്ബറ സിയാറത്ത് ചെയ്യാതെ അവഗണിച്ചതും മര്‍ക്കസ് സമ്മേളന സുവനീറില്‍ കാന്തപുരവും പ്രഭാഷണങ്ങളിലും പ്രസിദ്ധീകരണങ്ങളിലും കാന്തപുരം വിഭാഗവും സമസ്തയെയും കീഴ്ഘടകങ്ങളെയും ആക്ഷേപിച്ചതും കാന്തപുരം ഐക്യം ആഗ്രഹിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

ഐക്യശ്രമങ്ങളില്‍നിന്ന് പിന്മാറില്ല -കാന്തപുരം


ഐക്യശ്രമങ്ങളില്‍നിന്ന് പിന്മാറില്ല -കാന്തപുരം
കോഴിക്കോട്:  സുന്നി ഐക്യശ്രമങ്ങളില്‍നിന്ന് പിന്മാറുകയോ അതിനുള്ള നീക്കങ്ങള്‍ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുന്നി ഐക്യത്തിന് കാന്തപുരം തുരങ്കംവെക്കരുതെന്ന സമസ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുന്നികള്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത് ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തങ്ങളുടെ ഭാഗത്തുനിന്ന് ഐക്യത്തിനെതിരായ നീക്കമുണ്ടായി എന്ന ആരോപണം വാസ്തവവിരുദ്ധമാണ്. മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഈജിപ്ത് ഗ്രാന്റ് മുഫ്തിയെ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് താന്‍ തടഞ്ഞുവെന്ന ആരോപണവും സത്യസന്ധമല്ല.
മര്‍കസില്‍  ഞായറാഴ്ച 10ന് നടന്ന ഉലമാ സമ്മേളനത്തിലും വൈകീട്ട് നാലിന് നടന്ന പൊതുസമ്മേളനത്തിലും മുഫ്തിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അതേസമയം പട്ടിക്കാട് ജാമിയ്യയിലെ പരിപാടിയില്‍ മുഫ്തിക്ക് പങ്കെടുക്കാന്‍ സാധിക്കാതെവന്നത് സ്വാഭാവികമാണ്. പിറ്റേന്ന് മുഫ്തിയെ അവിടെ പങ്കെടുപ്പിക്കാന്‍ സന്നദ്ധ അറിയിച്ചെങ്കിലും അവര്‍ തിരസ്‌കരിക്കുകയായിരുന്നുവെന്നും കാന്തപുരം പറഞ്ഞു.
മര്‍കസ് സുവനീറിലോ നേതാക്കളുടെ പ്രസംഗത്തിലോ ഐക്യത്തിനെതിരായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. സുവനീറിലെ തന്റെ ഇന്റര്‍വ്യൂവില്‍ കുഞ്ഞാലിക്കുട്ടിയും മറ്റും നടത്തുന്ന ഐക്യശ്രമത്തിന് മുമ്പ് തടസ്സംനിന്നത് എസ്.കെ.എസ്.എസ്.എഫുകാരായിരുന്നുവെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ ഐക്യത്തിന് അനുകൂലമാണെന്നുമാണ് പറഞ്ഞത്. അത് ആരെയും കുറ്റപ്പെടുത്താനുദ്ദേശിച്ചല്ല. അതുകൊണ്ടുതന്നെ ഐക്യത്തിന്റെ കാര്യത്തില്‍ തനിക്കെതിരെ പത്രങ്ങളില്‍വന്ന ആരോപണങ്ങള്‍ ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
സുന്നികള്‍ തമ്മിലുള്ള ലയനമല്ല, ഐക്യമാണുദ്ദേശിക്കുന്നത്.  രണ്ട് സംഘങ്ങളുടെയും മുശാവറയും ഇതുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.  മര്‍കസ് സമ്മേളനദിവസം മലപ്പുറത്ത് മറ്റൊരു സമ്മേളനംവെച്ച് മുജാഹിദ് വിഭാഗം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കുകയാണ്. അവരും ഐക്യത്തിന് എതിരാണ്. അതുകൊണ്ടൊന്നും തങ്ങള്‍ തകരില്ലെന്നും കാന്തപുരം പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍ ഐക്യശ്രമത്തിന് അനുകൂലമാണോ എന്ന ചോദ്യത്തിന്, മതനേതാക്കളാണ് മുന്നിട്ടിറങ്ങേണ്ടതെന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ മുശാവറയാണ് തീരുമാനം പറയേണ്ടത്.
മുസ്‌ലിംലീഗ് മാത്രമല്ല, എല്ലാവിഭാഗവും ഞങ്ങളോട് അടുത്തുവരികയാണ്. മര്‍കസ് സമ്മേളനത്തില്‍ എല്ലാ വിഭാഗങ്ങളില്‍നിന്നുമുണ്ടായ സഹകരണവും പ്രാതിനിധ്യവും ഇതാണ് വിളിച്ചോതുന്നതെന്നും കാന്തപുരം പറഞ്ഞു. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവരും സംബന്ധിച്ചു.