Tuesday, January 11, 2011

സുന്നി ഐക്യത്തിന് കാന്തപുരം തുരങ്കം വെക്കരുത് -സമസ്ത

Published on Wednesday, January 12, 2011 -

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കാന്തപുരം വിഭാഗവും തമ്മില്‍ നടന്നുവരുന്ന ഐക്യചര്‍ച്ച തുടരാന്‍ കാന്തപുരം വിഭാഗത്തിന് താല്‍പര്യമില്ലെന്ന് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതായി കോഴിക്കോട് ഓഫീസില്‍ ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്ത യോഗം ആരോപിച്ചു.
80കളില്‍തന്നെ സമസ്തയില്‍ ഭിന്നസ്വരം ഉയര്‍ത്തിയ ഘട്ടത്തിലും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും മധ്യസ്ഥര്‍ മുഖേന ഐക്യചര്‍ച്ചകളും മറ്റുമുണ്ടായ അവസരങ്ങളില്‍ സമസ്ത എല്ലാനിലക്കും സഹായകമായ നിലപാടുകള്‍ സ്വീകരിക്കുകയും ഐക്യത്തിന് ആത്മാര്‍ഥ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാലിപ്പോള്‍ സുന്നികള്‍ക്കിടയില്‍ നടന്നുവരുന്ന ഐക്യചര്‍ച്ചക്ക് തുരങ്കംവെക്കുന്നവിധത്തില്‍ കാന്തപുരം വിഭാഗം നടത്തുന്ന നീക്കങ്ങളില്‍ യോഗം പ്രതിഷേധിച്ചു.
കാരന്തൂര്‍ മര്‍ക്കസ് സമ്മേളനത്തില്‍ മുസ്‌ലിംലീഗിന്റെ ചില നേതാക്കള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ സമസ്ത അനുകൂല നിലപാട് സ്വീകരിച്ചത് ഐക്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, ഐക്യനീക്കം നടക്കുമ്പോഴും കാന്തപുരം വിഭാഗം ബോധപൂര്‍വം അത് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
കഴിഞ്ഞ ദിവസം പട്ടിക്കാട്ട് ജാമിഅഃ നൂരിയ്യ കോളജില്‍ സംഘടിപ്പിച്ച ഉലമ സമ്മേളനത്തില്‍ സംബന്ധിക്കാമെന്ന് നേരത്തെ സമ്മതിച്ച ഈജിപ്ത് ഗ്രാന്റ് മുഫ്തിയെ തടഞ്ഞതും കാന്തപുരം വിഭാഗം പാലക്കാട് നടത്തിയ സമ്മേളന പതാക ജാഥ വരക്കല്‍ മഖാമില്‍നിന്ന് ഉദ്ഘാടനം ചെയ്തപ്പോള്‍ ശംസുല്‍ ഉലമയുടെ മഖ്ബറ സിയാറത്ത് ചെയ്യാതെ അവഗണിച്ചതും മര്‍ക്കസ് സമ്മേളന സുവനീറില്‍ കാന്തപുരവും പ്രഭാഷണങ്ങളിലും പ്രസിദ്ധീകരണങ്ങളിലും കാന്തപുരം വിഭാഗവും സമസ്തയെയും കീഴ്ഘടകങ്ങളെയും ആക്ഷേപിച്ചതും കാന്തപുരം ഐക്യം ആഗ്രഹിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment